.

കാക്കനാട് : ഇടത് സർക്കാർ വ്യാപാരികളെയും കർഷകരെയും ഒരുപോലെ വഞ്ചിച്ചുവെന്ന് KVVES എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ആരോപിച്ചു.

കാക്കനാട് : സംസ്ഥാന സർക്കാരിന്റെ വിവിധങ്ങളായ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ കാക്കാനാട് കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിന്റെ പേരിൽ കർഷകരെയും, അംഗീകാരമില്ലാത്ത കെ. റെയിൽ പദ്ധതിയുടെ പേരിൽ നിർബന്ധിത സർവ്വെയും കുടിയിറക്കലും, പകരം സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക്ക് നിരോധനം, അടിക്കടിയുള്ള വൈദ്യുതി നിരക്ക് വർദ്ധനവും അതിന്റെ പേരിൽ അധിക ഡെപ്പോസിറ്റ് അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ്, ചെറുകിട വ്യാപാരികളെ ദോഷമായി ബാധിക്കുന്ന തരത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി തുടങ്ങി വിവിധങ്ങളായ ആരോപണങ്ങളാണ് സർക്കാരിനെതിരെ വ്യാപാരികൾ ഉന്നയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിൽ പായ്ക്ക് ചെയ്ത് ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന നിർമ്മാതാക്കളെ വെറുതെ വിട്ടിട്ട് പെട്ടിക്കടകൾ വരെ കയറി നിരോധിത പ്ലാസ്റ്റിക്കിന്റെ പേരിൽ നോട്ടീസും പിഴയും ഈടാക്കാൻ ഉദ്യോഗസ്ഥർ കടകളിൽ കയറിയാൽ എന്തുവിലകൊടുത്തും ചെറുക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി. കാക്കനാട് വ്യാപാര ഭവനിൽ നിന്നും ആരംഭിച്ച പടുകൂറ്റൻ റാലി വ്യാപാരികളുടെ ശക്തി പ്രകടനം കൂടിയായി മാറി. എറണാകുളം മേഖലാ പ്രസിഡന്റ് എം.സി.പോൾസൺ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, അസീസ് മൂലയിൽ, ഡിലൈറ്റ് പോൾ, എം.കെ.രാധാകൃഷ്ണൻ, ജോസ് വർഗീസ്, പി.എ.കബീർ, എൻ.പി.അബ്ദുൾ റസാഖ്, ജിമ്മി ചക്യത്ത്, ഇ.കെ.സേവ്യർ, സി.ജി.ബാബു, ജോസ് കുര്യാക്കോസ്, സുബൈദ നാസർ, കെ.എസ്.നിഷാദ്, വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 27, 2022, 6:09 p.m. | Kakkanadu Ward