.

ആലുവ : നാക് അക്രഡിറ്റേഷനിൽ അഞ്ചാം ഘട്ടം പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ കോളേജായി ആലുവ സെന്റ് സേവ്യേഴ്സ്.

ആലുവ : അഞ്ചാംഘട്ട നാക് അക്രഡിറ്റേഷനിൽ സെന്റ് സേവ്യേഴ്സ് കോളേജിന് 3.68 പോയന്റോടെ A++ ഗ്രേഡ് ലഭിച്ചു. അഞ്ചാംഘട്ട അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യ കോളേജെന്ന ബഹുമതിയും സെന്റ് സേവ്യേഴ്സിനു സ്വന്തം. 1999 ലാണ് കോളേജ് ആദ്യ NAAC അക്രഡിറ്റേഷൻ നേരിട്ടത്. പിന്നീട് 2006, 2012, 2017 വർഷങ്ങളിലായി നാലു സൈക്കിൾ പൂർത്തിയാക്കിയ കോളേജ് 3.33 A ഗ്രേഡിൽ നിന്നാണ് തങ്ങളുടെ സ്കോർ A++ ലേക്കുയർത്തിയത്. 1964ൽ ആരംഭിച്ച കലാലയത്തിൽ 17 യുജി പ്രോഗ്രാമുകളും 7 പി ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിനു പുറമെ കൊമേഴ്സ്, ഇംഗ്ലീഷ്, ഫിസിക്സ് വകുപ്പുകളിൽ റിസേർച്ച് സെൻ്ററുകളുമുണ്ട്. വനിതകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സേവ്യേഴ്സ് പരിസ്ഥിതി സൗഹാർദ കലാലയമാണ്. അംഗപരിമിതിയുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടുന്ന സൗകര്യങ്ങളും കോളേജിൻ്റെ സവിശേഷതയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 83 ശതമാനം വിജയത്തോടൊപ്പം 112 റാങ്കുകളും കോളേജിനു ലഭിച്ചിട്ടുണ്ട്. lSO സർട്ടിഫൈഡായ കോളേജ് ഇന്ത്യാ ടുഡേ റാങ്കിംഗിലും NIRF റാങ്കിംഗിലും മികച്ച സ്ഥാനം നിലനിർത്തി പോരുന്നു. ആലുവയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായ കോളേജ് UNAl (യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ട്) യുടെ അംഗ സ്ഥാപനം കൂടിയാണ്. കേന്ദ്ര സർക്കാരിൻ്റെ ഉന്നത് ഭാരത് അഭിയാൻ്റെ പങ്കാളിത്ത സ്ഥാപനം കൂടിയായ സെൻ്റ്.സേവ്യേഴ്സ് കരുമാല്ലൂർ, കടുങ്ങല്ലൂർ, ചേന്ദമംഗലം, കാലടി, മലയാറ്റൂർ തുടങ്ങിയ പഞ്ചായത്തുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സർക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായും കലാലയം പ്രവർത്തിച്ചു വരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയുമാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ സെന്റ് ബീഡ്സ് കോളേജുമായി സെൻറ്. സേവ്യേഴ്സ് പങ്കാളിത്തം പുലർത്തി പോരുന്നു. മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച എൻഎസ്എസ് വോളന്റിയർ, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എന്നീ പദവികൾ സംസ്ഥാനതലത്തിലും സർവകലാശാലാ തലത്തിലും കോളേജിന് നിരവധി തവണ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഇൻക്യുബേഷൻ സെൻ്റർ സ്പേസ് കോളേജിൻ്റെ മറ്റൊരു ആകർഷണമാണ്. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്നവേഷൻ അംബാസിഡർ എന്ന പദവിക്ക് കലാലയത്തിലെ മുപ്പത് അധ്യാപകരും നാല് വിദ്യാർത്ഥിനികളും അർഹരായിട്ടുണ്ട്. അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ‍ ഇന്നോവേഷൻസ് അച്ചീവ്മെന്റ്സിൽ‍ ദേശീയതലത്തിൽ പെർഫോർമർ ബാൻഡിൽ അംഗീകാരം കരസ്ഥമാക്കുവാൻ കോളേജിനു കഴിഞ്ഞത് അഭിമാനനേട്ടമാണ്. കേരളത്തിൽ നിന്നും മെൻറർ പദവിയിലേക്ക് തിരഞ്ഞെടുത്ത 3 ഇൻസ്റ്റിട്യൂഷനുകളിൽ ഏക ആർട്സ് ആൻഡ് സയൻസ് കോളേജെന്നതും സെൻ്റ്. സേവിയേഴ്സിനെ അഭിമാനാർഹമാക്കുന്നു. 2024 ൽ വജ്രജൂബിലി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സേവ്യേഴ്സ് കോളേജ്. നാക് സ്റ്റിയറിംഗ് കമ്മറ്റി കോർഡിനേറ്റർ ഡോ. സൗമി മേരി എം, ഐക്യുഎസി കോർഡിനേറ്റർ ഡോ. സുജാത എൻ വി എന്നിവരാണ് നാകിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും നാക് അക്രഡിറ്റേഷനിൽ ലഭിച്ച A++ ഗ്രേഡ് കോളേജിൻ്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസും മാനേജർ റവ. സിസ്റ്റർ ചാൾസും പറഞ്ഞു. 2024 ൽ നടക്കുന്ന ഡയമണ്ട് ജൂബിലിയുടെ പരിപാടികളുടെ ഉദ്ഘാടനം ഈ വർഷത്തെ കോളേജ് വാർഷികത്തിൽ നടത്തുമെന്നും കോളേജ് ഓട്ടോണമസിന് വേണ്ടിയുള്ള ശ്രമത്തിലാണെന്നും പ്രിൻസിപ്പൽ ലൈഫ്കൊച്ചിയോട് പറഞ്ഞു. കോൺക്രിയേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ് (CTC) യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജാണ് സെൻ്റ്. സേവ്യേഴ്സ്. കോളേജിൻ്റെ ജനറൽ മാനേജർ ഡോ. സൂസമ്മ CTC യാണ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Feb. 20, 2023, 11:49 p.m. | Aluva