.

#Local news

ഏലൂർ: അരങ്ങിലെ ഓർമ്മകൾ പങ്കുവച്ച് നാടക കലാകാരന്മാർ ഒത്തുചേർന്നു...

ഏലൂർ: അരങ്ങിലെ ഓർമ്മകൾ പങ്കുവച്ച് നാടക കലാകാരന്മാർ ഏലൂരിലെ ദേശീയ വായനശാല അങ്കണത്തിൽ ഒത്തുചേർന്നു. ഏലൂർ ദേശീയ വായനശാലയും ഉദ്യോഗമണ്ഡൽ ദൃശ്യകലാവേദിയും സംയുക്തമായൊരുക്കിയ വേദിയിൽ കണ്ണുനീരിൻ്റെ നനവും തമാശകളും അമളിയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന അഭിനയ ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ചു. പ്രദേശത്തെ ആദ്യകാല നാടക പ്രവർത്തകരും എൺപതിനു മേൽ പ്രായമുള്ളവരുമായ അബ്ദുൾ ഖാദർ, ജോർജ് കണക്കശേരി, ജോയ് വടശേരി, ചുമ്മാർ, ദാമു, ചന്ദ്രിക രാജൻ എന്നിവർ വേദിയിലെത്തിയപ്പോൾ പ്രായത്തിൻ്റെ അവശതകൾ മറന്ന് ചെറുപ്പത്തിൻ്റെ ഊർജസ്വലത കൈവരിച്ചു. നാടക രചയിതാക്കൾ, അഭിനേതാക്കൾ, സംവിധായകർ, ചമയം, ദീപ വിതാനം, സംഗീതം എന്നീ എല്ലാ മേഖലയിലും പ്രവർത്തിച്ചവരാണ് സംഗമിച്ചത്. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടകകൃത്തും സംവിധായകനും സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാനുമായ ടി.എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ദൃശ്യകലാവേദിയുടെ പ്രസിഡൻറും പരിപാടിയുടെ സംഘാടകനുമായ പി.എസ്. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ മെക്കാർട്ടിൻ ആശംസകൾ നേർന്നു. ബൈജു സി. ആൻറണി, അജിത്കുമാർ, രാജീവ് തച്ചേത്ത്‌, എം. പത്മകുമാർ, കരിംഷാ, വർഗീസ് വേവുകാടൻ, ജോസി, ബാലാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | Aug. 18, 2021, 7:26 p.m. | Eloor